roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Saturday, October 15, 2011

चाक्यार्कूत्त् - अवतरणशैली

डो. विजय् कुमार् एम्.

चाक्यार्कूत्त् कलारुपे चाक्यारः संस्कृतश्लोकानामर्थं सरसया रीत्या कैरल्यां विवृणोति । तत्तु न केवलं अन्वयार्थप्रकाशनमेव अथवा वाच्यार्थप्रकाशनमेव अपि तु विस्तृतया, ललितया, सुव्यक्ततया च रीत्या कथाकथनमेव । चाक्यारेण वक्ष्यमाणानि कथासन्दर्भानि अस्माकं पुरतः एव संभूयते इति प्रतीतिम् इदं कलारूपं जनयति ।अत्र मेल्पुत्तूर् नारायणभट्टपादविरचितात् कौन्तेयाष्टकम् अथवा पात्रचरितं नामक प्रबन्धात् उद्धृतः प्रथमः श्लोकः उदाहरणत्वेन दीयते ।
എങ്കിലോ പണ്ട് ഭക്തവത്സലനായിരിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ പരമഭക്തന്മാരായിരിക്കുന്ന പാണ്ഡവന്മാര്‍ കള്ളച്ചൂതില്‍ പരാജിതന്മാരായി വനവാസത്തിനായിക്കൊണ്ടു പുറപ്പെട്ട സമയത്ത് ഒരുമിച്ചു പുറപ്പെട്ടിരിക്കുന്ന സ്നാതകബ്രാഹ്മണന്മാരോടും ഋഷീശ്വരന്മാരോടുംകൂടെ പുറപ്പെട്ട് വനപ്രദേശത്തില്‍ സഞ്ചരിക്കുന്ന സമയത്ത് ധര്‍മപുത്രര് ഒരുമിച്ചുപോന്നിരിക്കുന്ന ബ്രാഹ്മണന്മാര് ക്ഷുത്പിപാസാര്‍ദ്ദിതന്മാരായി കണ്ട സമയത്തിങ്കല്‍ ആദിത്യനെ സേവിച്ച സമയത്തിങ്കല്‍ ആദിത്യന്‍ പ്രസാദിച്ചുകൊടുത്തിരിക്കുന്ന അദ്ഭുതപാത്രത്തില്‍നിന്ന് അദ്ഭുതങ്ങളായിരിക്കുന്ന അദ്ഭുതപാദാര്‍ഥങ്ങളെ അനുഭവിച്ച് സുഖമായിട്ടധിവസിക്കുന്ന കാലത്ത് ഹസ്തിനപുരിയില്‍ ദുര്യോധനന്റെ അവസ്ഥയാകട്ടെ -

കൌന്തേയാനവബുദ്ധ്യ സിദ്ധ്യദശനോപായാന്‍ കുരൂണാം പതിഃ
ശ്രീദുര്‍വാസസമേകദാ കുടിലധീരാമന്ത്ര്യ നാഗാഹ്വയേ.
ശിഷ്യാണാമയുതേന സാര്‍ദ്ധമധികപ്രാജ്യൈഃ സഭോജ്യാദിഭിഃ
പൂജ്യം തം സമഭീഭവത് സ ച മുനിസ്തുഷ്ടോ വരം പൃഷ്ടവാന്‍.

കുടിലധീഃ കുരൂണാം പതിഃ - കുടിലധീയായിരിക്കുന്ന കുരുക്കളുടെ പതിയാകട്ടെ, മഹാരാജാവ് ദുര്യോധനനാകട്ടെ, കൌന്തേയാന്‍ സിദ്ധ്യദശനോപായാന്‍ അവബുദ്ധ്യ – കൌന്തേയന്മാരെ സിദ്ധ്യത്തായിരിക്കുന്ന അശനോപായന്മാരായിട്ട് അറിഞ്ഞു. ഈ പാണ്ഡവന്മാര് വനവാസത്തിന് പോയതിനുശേഷം അവരുടെ പരമാര്‍ഥം അറിയുവാന്‍ ചാരന്മാരെ അയച്ച് അവര്‍പറഞ്ഞറിഞ്ഞു - പാണ്ഡവന്മാര്‍ വനപ്രദേശത്തില്‍ ചെന്നതിനുശേഷം ധര്‍മപുത്രര് ആദിത്യനെ സേവിച്ചു. ആദിത്യന്‍ പ്രസാദിച്ച് ഒരു പാത്രം കൊടുത്തു. അതില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ എന്നുതന്നെയല്ല എന്തുസാധനം വേണമെങ്കിലും ലഭിക്കും. പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ അന്ന് ഒന്നുമുണ്ടാവുകയില്ല എന്ന് ആദിത്യന്‍ അനുഗ്രഹിച്ചപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ചാരന്മാര്‍ വഴി അറിഞ്ഞു. എന്നിട്ടും വിശ്വാസം വരാഞ്ഞ് അഗ്രശാലയില്‍ ചെന്ന് അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണന്മാരില്‍നിന്നും അറിഞ്ഞപ്പോള്‍ അത് നശിപ്പിക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നാലോചിച്ച് ശകുനിയുടെ സമീപത്തില്‍ ചെന്നു.
ദുര്യോധനന്‍ വരുന്നതുകണ്ടപ്പോള്‍ ശകുനി - എന്താ ദുര്യോധനാ വിശേഷം? അമ്മാവാ നമ്മള്‍ പണിയെടുത്തത് വെറുതെയായി. ഉം എന്താണ്ടായേ ? നമ്മള് പാണ്ഡവന്മാരെ കള്ളച്ചൂതില്‍ തോല്പിച്ച് കാട്ടിലേക്കയച്ചത് അവര്‍ പട്ടിണികിടന്ന് സിദ്ധികൂടാനല്ലെ ? അവര്‍ വനപ്രദേശത്തില്‍ എത്തിയപ്പോളേയ്ക്കും അവര്‍ക്ക് ഭക്ഷണത്തിനുള്ള മാര്‍ഗം ഉണ്ടായി എന്നാണ് കേട്ടത്. അതെങ്ങിനെയാണ് ദുര്യോധനാ ? അമ്മാവാ അവര്‍ വനപ്രദേശത്തില്‍ ചെന്നതിനുശേഷം ധര്‍മപുത്രജ്ജ്യേഷ്ഠന്‍ ആദിത്യനെ സേവിച്ചു. ആദിത്യന്‍ പ്രസാദിച്ച് ഒരു പാത്രം കൊടുത്തു. ദുര്യോധനാ വളരെ നന്നായി. അമ്മാവാ ആ പാത്രം അവര്‍ക്ക് ഇല്ലാതെയാവണം. അതിന് ഉപായത്തില്‍ ആരെയെങ്കിലും പറഞ്ഞയച്ച് ആ പാത്രം ഇവിടേയ്ക്ക് കൊണ്ടുവന്നാലോ എന്നാണ് ആലോചിക്കുന്നത്. അയ്യോ കഷ്ടം ! ദുര്യോധനാ പാത്രം രക്ഷിക്കുവാനുള്ള വൈഭവം അവര്‍ക്കുണ്ട്. പിന്നെ അത് ആര്‍ക്കോ ആദിത്യന്‍ കൊടുത്തനുഗ്രഹിച്ചത് ധര്‍മ്മപുത്രര്‍ക്കല്ലേ ? വേറേ ആരുവിചാരിച്ചാലും അതില്‍ ഒന്നും ഉണ്ടാവുകയില്ല. അമ്മാവാ അവര്‍ക്ക് ആ പാത്രത്തില്‍നിന്നു ഒന്നും ലഭിക്കാതിരിക്കുവാന്‍ എന്താ മാര്‍ഗ്ഗം ? - അതെന്തിനാ ദുര്യോധനാ ? നമ്മള്‍ക്ക് ഉപദ്രവമമൊന്നും കൂടാതെ എവിടെയെങ്കിലും ജീവിച്ചോട്ടെ. അതുകൊണ്ട് നമ്മള്‍ക്കൊന്നുമില്ലല്ലോ. അമ്മാമാ ഇപ്പോള്‍ ഇത് സാരമില്ലെന്നുകണ്ട് കരുതി മിണ്ടാതെ ഇരുന്നാല്‍ പിന്നേയ്ക്കത് വൈഷമ്യമായിത്തീരും. അതുകൊണ്ട് ആ പാത്രം ഇപ്പോള്‍തന്നെ നശിപ്പിക്കണം. അതിനുള്ള മാര്‍ഗ്ഗമാണ് ആലോചിക്കേണ്ടത്. ദുര്യോധനാ, അവര്‍ക്ക് ആ പാത്രം ദൈവാധീനം കൊണ്ട് കിട്ടിയതാകകൊണ്ട് അത് നശിക്കേണമെങ്കില്‍ ദൈവവിരോധമുണ്ടാകണം. അതിന് ഭൂമിയില്‍ തപഃ ശക്തിയുള്ള ബ്രാഹ്മണരുണ്ടെങ്കില്‍ അവരുടെ ശാപം കൊണ്ട് നശിക്കും. അതിപ്പോള്‍ യോജിച്ച ആള് ദുര്‍വാസാവ് മഹര്‍ഷിയാണ്. അദ്ദേഹം വേഗം സന്തോഷിക്കുകയും കോപിക്കുകയും ചെയ്യും. അദ്ദേഹത്തെ സത്കരിച്ച് സന്തോഷിപ്പിച്ച് പഠഞ്ഞയച്ചാല്‍ പരമാര്‍ഥമൊന്നുമറിയിക്കാതെ അവര്‍ അസമയത്ത് അവിടെ ചെന്നാല്‍ യുധിഷ്ഠിരന് ഭിക്ഷകൊടുക്കുവാന്‍ സാധിക്കില്ല. അപ്പോള്‍ അദ്ദേഹം കോപിച്ച് ശപിക്കും. പരമാര്‍ഥമൊന്നുമദ്ദേഹമറിയരുത്. അറിഞ്ഞല്‍ ശാപം നമ്മള്‍ക്കാവും. അമ്മാമാ എന്നാല്‍ ഇപ്പോള്‍തന്നെ ഒരാളെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയച്ചാലോ. അയ്യോ കഷ്ടം ! ഒരാളെ അയച്ചാല്‍ വരുന്ന ആളല്ല അദ്ദേഹം. ഉണ്ണിതന്നെ ചെന്നാല്‍ വാക്സാമര്‍ഥ്യം കൊണ്ട് സാധിച്ചാല്‍ ആയി എന്നേ ഉള്ളൂ. അമ്മാമാ എന്നാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ പോയിവരാം എന്നുപറഞ്ഞ് ദുര്‍സാവ് തപസ്സുചെയ്തുകൊണ്ടിരിക്കുന്ന വനപ്രദേശത്തില്‍ ചെന്ന് അദ്ദേഹത്തെ വന്ദിച്ച് - അല്ലേ ഋഷീശ്വരന്‍! അങ്ങയെ ക്ഷണിച്ചു കൂട്ടിക്കൊണ്ടുപോയി ഒരു ഭിക്ഷകഴിപ്പിച്ചാല്‍ കൊള്ളാമെന്ന് ഒരാഗ്രഹം. ദുര്യോധനാ അതുവേണ്ട, ബുദ്ധിമുട്ടാവും. എറാന്‍, ബുദ്ധിമുട്ടൊന്നുമില്ല. ദുര്യോധനാ ഞാന്‍ ഭിക്ഷയ്ക്കുവരികയാണെങ്കില്‍ പതിനായിരം ശിഷ്യന്മാര് ഇവരുമുണ്ടാകും. അതുകേട്ടപ്പോള്‍ ദുര്യോധനന്‍ - മുന്നാഴി ചിലവാകും. ഒരാളുടെ സന്തോഷത്തിനുവേണ്ടി ഉത്സാഹിച്ചിട്ട് ഇപ്പോള്‍ ഇപ്പോള്‍ പതിനായിരം ആളുകള്‍ക്കുവേണ്ടതായിട്ടാണ് വന്നുകൂടിയത്. എന്താ വേണ്ടത് എന്ന് ആലോചിച്ചുനിന്നതിനുശേഷം, പാണ്ഡവന്മാര് നശിക്കാനല്ലേ എന്തുവേണമെങ്കിലും ചിലവായിക്കോട്ടെ എന്നു നിശ്ചയിച്ച് എറാന്‍, എന്തുതന്നെയായാലും ഒരു ഭിക്ഷ അമൃതേത്തുകഴിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്. എന്നുവേണമെന്നാണ് വിചാരിക്കുന്നത് ? എറാന്‍, നാളെത്തന്നെ. എന്നാല്‍ ഞാന്‍ ശിഷ്യന്മാരോടുകൂടെ നാളെ മദ്ധ്യാഹ്നമാകുമ്പോള്‍ അവിടെ എത്തിക്കോളാം എന്നരുളിച്ചെയ്തു. മഹാരാജാവ് ദുര്യോധനന്‍ ദുര്‍വാസാവ് മഹര്‍ഷിയേയും ശിഷ്യന്മാരേയും ഭിക്ഷയ്ക്കു ക്ഷണിച്ചതിനുശേഷം രാജധാനിയില്‍ച്ചെന്ന് ഭിക്ഷയ്ക്കു വട്ടം കൂട്ടിത്തുടങ്ങി.
മഹര്‍ഷി ദുര്യോധനന്‍ പോയതിനുശേഷം ഭിക്ഷ നിശ്ചയിച്ച ദിവസം പ്രഭാതമായപ്പോള്‍ എഴുന്നേറ്റ് സ്നാനം ദേവകാര്യം എല്ലാം കഴിച്ച് ശിഷ്യന്മാരോടുകൂടെ ഹസ്തിനപുരിയിലേയ്ക്ക് എഴുന്നള്ളത്തു പുറപ്പെട്ടു. മഹാരാജാവ് ദുര്യോധനന്‍ തന്റെ സ്നാനാദികളെല്ലാം കഴിച്ച് ഭിക്ഷയ്ക്കെല്ലാം ഒരുക്കിയതിനുശേഷം മഹര്‍ഷിയെ പൂജിക്കുവാനായിട്ട് അതിനുള്ള സാധനങ്ങളെല്ലാം എടുപ്പിച്ച് ഗോപുരദ്വാരത്തില്‍ കാത്തുനിന്നു.
മഹര്‍ഷി സമീപത്തില്‍ എത്തിയപ്പോള്‍ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. അതിനുശേഷം അക്ഷതം എറിങ്ങുതുടങ്ങി. അക്ഷതം എന്നുപറയുന്നത് നെല്ലും അരിയുമാകുന്നത്. അത് ശക്തനായ ദുര്യോധന്‍ എറിയുകയും കൂടെയായാപ്പോള്‍ ഒന്നുരണ്ടുപ്രാവശ്യത്തേയ്ക്ക് സഹിച്ചുനിന്നു. പിന്നെയും എറിയുവാന്‍ തുടങ്ങിയപ്പോള്‍ മഹര്‍ഷി - ദുര്യോധനാ ഞാന്‍ സന്തോഷിച്ചു. ഇതെല്ലാം ആചാരത്തിനു വേണമെന്നേയുള്ളു. ഈ അക്ഷതം എറിഞ്ഞതുകൊണ്ട് ഇത്രയും സന്തോഷിച്ച സ്ഥിതിക്ക് ഇതുതന്നെ മുന്നാഴി ചിലവായാലെന്താ ഇങ്ങിനെ വിചാരിച്ചപ്പോള്‍ തന്നെ അമ്മാമന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. സന്തോഷിക്കുന്നതുപോലെ വേഗം കോപിക്കുമെന്ന്. വേണ്ട. എന്നു നിശ്ചയിച്ച് ഏകദാ ശ്രീദുര്‍വാസം നാഗാഹ്വയേ ആമന്ത്ര്യ – ദുര്‍വാസാവുമഹര്‍ഷിയെ ഹസ്തിനപുരിയിലേയ്ക്കു ഭിക്ഷയ്ക്കു ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്ന് സഃ അധിപ്രാജ്യൈഃ ഭോജ്യാദിഭിഃ ശിഷ്യാണാമയുതേന സാര്‍ദ്ധം തം സമഭീഭവല്‍ മഹാരാജാവ് ദുര്യോധനന്‍ അധികപ്രാജ്യങ്ങളായിരിക്കുന്ന ഭോജ്യങ്ങളെക്കൊണ്ട് സംഭാവനം ചെയ്തു. ഏറ്റവും സ്വാദിഷ്ഠങ്ങളായിരിക്കുന്ന ഭക്ഷ്യപേയാദികളെക്കൊണ്ട് സത്കരിച്ചു. എന്നാല്‍ അദ്ദേഹത്തിനെ മാത്രം എന്നാണെങ്കില്‍ അതല്ല ശിഷ്യാണാമയുതേന സാര്‍ദ്ധം പതിനായിരം ശിഷ്യന്മാരോടുകൂടെയാണ്. എന്നാല്‍ ഇത്രയൊക്കെ മാനിക്കുവാനുള്ള യോഗ്യതയുണ്ടോ അദ്ദേഹത്തിന് എന്നാണെങ്കില്‍ - പൂജ്യം - പൂജ്യനാകുന്നത്. ഏതവസ്ഥകൊണ്ടും ആരും അദ്ദേഹത്തെ മാനിക്കണം. എന്നാല്‍ ദുര്യോധനന്‍ ഇത്രയധികം ദ്രവ്യം വ്യയം ചെയ്തതിന് ഫലം കിട്ടിയോ എന്നാണെങ്കില്‍, സ ച മുനിസ്തുഷ്ടഃ. ആ മുനിയാകട്ടെ സന്തുഷ്ടനായി. ഏറ്റവും സന്തോഷിച്ചു. ഭക്ഷണമെല്ലാം കഴിഞ്ഞതിനുശേഷം വരം പൃഷ്ടവാന്‍ വരത്തെ പൃഷ്ടവാനായി. ദുര്യോധനാ ഞാന്‍ ഏറ്റവും സന്തോഷിച്ചു. അങ്ങേയ്ക്ക് എന്താണ് ആഗ്രഹമോന്നുവച്ചാല്‍ ചോദിച്ചോളൂ. ഞാന്‍ അങ്ങേയ്ക്ക് ഒരു വരം തരാം. എന്നിപ്രകാരം ദുര്‍വാസാവുമഹര്‍ഷി ദുര്യോധനനനോടരുളിച്ചെയ്തു.