roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Thursday, May 31, 2012

Sanskrit should be taught from first standard - Mathrubhoomi news

ഒന്നാം ക്ലാസ്സില്‍ പ്രവേശനം കിട്ടാതെ സംസ്‌കൃതഭാഷ

Posted on: 31 May 2012

പി.അഭിലാഷ്‌


കൊല്ലം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം തുടങ്ങണമെന്ന വിദ്യാഭ്യാസപരിഷ്‌കരണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടും കാലങ്ങളായുള്ള സംസ്‌കൃതാധ്യാപക കൂട്ടായ്മയുടെ ആവശ്യവും വിദ്യാഭ്യാസവകുപ്പ് കേട്ടില്ലെന്നു നടിക്കുന്നു.

അറബിക് പഠനത്തിനും ഉറുദു പഠനത്തിനും ഒന്നാം ക്ലാസ് മുതല്‍ സൗകര്യമൊരുക്കിയിരിക്കുന്ന നാട്ടില്‍ സംസ്‌കൃതപഠനത്തെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണവും അധികൃതര്‍ വ്യക്തമാക്കുന്നില്ല. സംസ്ഥാനത്ത് സംസ്‌കൃതപഠനം അവഗണനയുടെ നടുവിലാണെന്ന മുറവിളികള്‍ക്ക് ഈ അധ്യയനവര്‍ഷത്തിലും കുറവില്ല.

ഒന്നാം ക്ലാസ് മുതല്‍ അറബിക് പഠനം തുടങ്ങുമ്പോള്‍ സംസ്‌കൃതപഠനത്തിന് അവസരം ലഭിക്കുന്നത് അഞ്ചാംക്ലാസ്സില്‍ മാത്രം. സംസ്‌കൃത അക്കാദമിക് കാര്യങ്ങള്‍ക്കായി സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറും ഒരു റിസര്‍ച്ച് ഓഫീസറും മാത്രം. അറബിക് വിഷയത്തിന് സ്‌പെഷ്യല്‍ ഓഫീസര്‍ക്കും റിസര്‍ച്ച് ഓഫീസര്‍ക്കും പുറമേ എല്ലാ ജില്ലകളിലും രണ്ട് ഇന്‍സ്ട്രക്ടര്‍മാരെവീതം നിയമിച്ചിട്ടുണ്ട്. പാഠ്യപദ്ധതി രൂപവത്കരണത്തിനുള്ള കരിക്കുലം കമ്മിറ്റിയിലും വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ഇടപെടലുകള്‍ നടത്താനായി സര്‍ക്കാര്‍ രൂപവത്കരിച്ച ക്യു.ഐ.പി.മോണിറ്ററിങ് കമ്മിറ്റിയിലും സംസ്‌കൃതത്തിന്റെ പ്രതിനിധികളില്ല. സര്‍വ്വശിക്ഷ അഭിയാനില്‍ സംസ്ഥാനത്ത് സംസ്‌കൃതം ട്രെയിനര്‍മാരായി ആറുപേര്‍ മാത്രമാണുള്ളത്. അവഗണനയുടെ പട്ടിക ഇങ്ങനെ നീണ്ടു പോകുന്നതായി സംസ്‌കൃതസ്‌നേഹികളും അധ്യാപകസംഘടനാപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.

1956-57 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. സനിത് കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായുള്ള സംസ്‌കൃത കമ്മീഷന്‍ എല്‍.പി.തലംമുതല്‍ സംസ്‌കൃതപഠനം തുടങ്ങണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 1973ല്‍ കേരളസര്‍ക്കാര്‍ നിയമിച്ച എന്‍.വി.കൃഷ്ണവാര്യര്‍ കമ്മീഷന്‍ എല്ലാ ജില്ലകളിലും സംസ്‌കൃതപ്രചാരണത്തിനായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്തു. നമ്മുടെ നാടിന്റെ ഉന്നതമായ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ സംസ്‌കൃതപഠനം അനിവാര്യമാണെന്ന് 1994ലെ സുപ്രീംകോടതി വിധി ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന പാഠ്യപദ്ധതിയില്‍ ഈ ദേവഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല. പ്രീ-ഡിഗ്രി നിലവിലുണ്ടായിരുന്ന കാലത്ത് സംസ്‌കൃതം മുഖ്യവിഷയമായി പഠിക്കാനുള്ള അവസരം സംസ്‌കൃത കോളജുകളില്‍ ഉണ്ടായിരുന്നു. പ്രീ-ഡിഗ്രി വേര്‍പെടുത്തുകയും ഹയര്‍ സെക്കന്‍ഡറി നിലവില്‍ വരികയും ചെയ്തതോടെ ഐച്ഛികവിഷയമായി സംസ്‌കൃതം പഠിക്കാനുള്ള അവസരം മാത്രമാണുള്ളത്. സംസ്‌കൃതം മുഖ്യവിഷയമായുള്ള കോമ്പിനേഷന്‍ ഗ്രൂപ്പ് പ്ലസ്ടുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും അനുവദിക്കപ്പെട്ടത് രണ്ടു വിദ്യാലയങ്ങളില്‍ മാത്രം.

പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ അറബിക്കും ഉറുദുവും ഐച്ഛികവിഷയമായി പഠിക്കാനുള്ള അവസരം നിലവിലുണ്ട്. ഒരധ്യയനവര്‍ഷം 120 പീരിയഡ് വരെ ഇവയ്ക്കായി മാറ്റിവയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരമില്ല. പുതിയ അധ്യാപകതസ്തികകള്‍ സൃഷ്ടിക്കാതെയും സാമ്പത്തിക ബാധ്യതകളില്ലാതെയും ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടത്താന്‍ സാധ്യമാണെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനായി കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അക്കാദമിക് കമ്മിറ്റി ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം ഓര്‍ഗനൈസിങ് കമ്മിറ്റി കരടുരേഖയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ചില പ്രമുഖ അധ്യാപകസംഘടനാഭാരവാഹികളുടെ എതിര്‍പ്പുമൂലം ഒഴിവാക്കി. അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാം ക്ലാസ് ഹൈസ്‌കൂളിലേക്കും ചേര്‍ക്കുന്നതിനാല്‍ നിലവിലെ അവസ്ഥയില്‍ സംസ്‌കൃതപഠനം ഒന്‍പത്, പത്ത് ക്ലാസുകളില്‍ മാത്രമായി ഒതുങ്ങാന്‍ സാധ്യത ഏറെയാണ്.

സംസ്ഥാനത്ത് കരിക്കുലം കമ്മിറ്റിയില്‍നിന്ന് സംസ്‌കൃതാധ്യാപകരെ ഒഴിവാക്കിയതിന് വിചിത്രമായ കാരണമാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളവരെ മാത്രമാണ് കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു നിയമസഭയില്‍ ചോദ്യം ഉന്നയിച്ച പട്ടാമ്പി എം.എല്‍.എ. സി.പി.മുഹമ്മദിന് മന്ത്രി നല്‍കിയ മറുപടി. കഴിഞ്ഞ മാര്‍ച്ച് 27ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതപഠനം ആരംഭിക്കുന്നത് അജന്‍ഡയായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കാര്യമായ ചര്‍ച്ച കൂടാതെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് എല്ലാ പരീക്ഷകള്‍ക്കും അച്ചടിച്ച ചോദ്യപ്പേപ്പര്‍ നല്‍കിയപ്പോള്‍ സംസ്‌കൃതത്തിനു നല്‍കിയത് കൈയെഴുത്തുപ്രതിയുടെ പകര്‍പ്പായിരുന്നു. പൊതുപരീക്ഷയ്ക്കു മുന്നോടിയായി എല്ലാ വിഷയങ്ങള്‍ക്കും എസ്.സി.ഇ.ആര്‍.ടി. ചോദ്യബാങ്ക് തയ്യാറാക്കിയെങ്കിലും സംസ്‌കൃതത്തിനു ചോദ്യബാങ്ക് ലഭിച്ചത് അപൂര്‍വ്വം ജില്ലകളില്‍ മാത്രം.

Link to the original news