roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Wednesday, April 11, 2012

MH Shastrikal no more

वन्दे गुरु परम्पराम्



എം.എച്ച്‌.ശാസ്ത്രികള്‍ അന്തരിച്ചു


 ബാംഗ്ലൂര്‍: മുതിര്‍ന്ന സംസ്കൃതപണ്ഡിതന്‍ എം.എച്ച്‌ ശാസ്ത്രികള്‍ (101) ബാഗ്ലൂരില്‍ അന്തരിച്ചു. മകന്റെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ 3 മണിക്കായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട്‌ ബാംഗ്ലുരില്‍ നടന്നു.

കിളിമാനൂര്‍ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തില്‍ മഹാദേവ അയ്യരുടെയും ഭഗവതിഅമ്മാളുടെയും മകനായി 1911 ജനുവരി 18നാണ്‌ എം. ഹരിഹരശാസ്ത്രികള്‍ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസം നേടിയ ശേഷം തിരുവനന്തപുരം രാജകീയ മഹാപാഠശാലയില്‍ നിന്നും 1926-ല്‍ ശാസ്ത്രി പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. 1931-ല്‍ മഹോപാധ്യായ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടി. പ്രശസ്ത ഭാഷാ പണ്ഡിതനായ ഡോ:ഇ.കെ.ഗോദവര്‍മയുടെ വത്സലശിഷ്യനായ ഇദ്ദേഹം 1936-ല്‍ അധ്യാപക വൃത്തി ആരംഭിച്ചു. 1945 മുതല്‍ 56 വരെ സംസ്കൃത കോളേജ്‌ അധ്യാപകനായിരുന്നു. ആധുനിക കാലത്ത്‌ കേരളത്തിലെ സംസ്കൃതപണ്ഡിതരില്‍ ഒന്നാമനായാണ്‌ എം.എച്ച്‌ ശാസ്ത്രികളെ ഗണിച്ചിരുന്നത്‌.

ഇന്ന്‌ കേരളത്തില്‍ ജീവിച്ചിരിപ്പുള്ള സംസ്കൃതപണ്ഡിതരില്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്‌. വ്യാകരണം, വേദാന്തം, സാഹിത്യം തുടങ്ങിയ വിവിധ സംസ്കൃതശാഖകളിലെല്ലാം മികച്ച പാണ്ഡിത്യമാണ്‌ ശാസ്ത്രികള്‍ പ്രകടിപ്പിച്ചിരുന്നത്‌.

നിരവധി സംസ്കൃതഗ്രന്ഥങ്ങളുടെയും ഉപന്യാസങ്ങളുടെയും രചയിതാവാണ്‌. നളചരിതം ആട്ടകഥയ്ക്കുള്ള വ്യാഖ്യാനം, പിങ്ങനന്ദരൂപാവലി വിജയപ്രദീപം, വിജ്ഞാനമഞ്ജുഷ, പൂര്‍ത്തിയാക്കാത്ത സ്തോത്രകാവ്യമായ ഹരിഹരിപുത്രീയം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌.

രാഷ്ട്രപതിയുടെ ഓറിയന്റല്‍ സ്കോളര്‍ അവാര്‍ഡ്‌, അമൃതാനന്ദമയീ മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്കാരം, വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്നം അവാര്‍ഡ്‌, ബ്രാഹ്മണസഭയുടെ ധര്‍മശ്രേഷ്ഠ പുരസ്കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌, ഒളപ്പമണ്ണ അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

വര്‍ഷങ്ങളായി കരമന ശിവന്‍കോവില്‍ തെരുവില്‍ താമസിച്ചിരുന്ന ശാസ്ത്രികള്‍ പത്നിയുടെ മരണശേഷം ബാംഗ്ലൂരില്‍ മകന്റെ കൂടെയായിരുന്നു താമസം. പരേതയായ കളര്‍കോട്‌ തങ്കമ്മാളാണ്‌ ഭാര്യ. മൂത്തമകള്‍ ഭാഗീരഥിഅമ്മാള്‍ കോട്ടയം എസ്‌.ബി.ടി.യിലും ഇളയമകള്‍ വിശാലാക്ഷിഅമ്മാള്‍ തിരുവനന്തപുരം കനറാബാങ്കിലും ജോലിചെയ്യുന്നു. മകന്‍ എച്ച്‌.ജി. മഹാദേവന്‍ ബാംഗ്ലൂരിലെ ഒരു യു.എസ്‌.കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്‌.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇദ്ദേഹത്തിന്റെ ജന്മശതാബ്ദി ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ തിരുവനന്തപുരത്ത്‌ ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു ശിഷ്യര്‍ തിരുവനന്തപുരത്ത്‌ 101-ാ‍ം ജന്മവാര്‍ഷികാഘോഷം നടത്തിയത്‌. തിരുവനന്തപുരം സംസ്കൃതകോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹം റിട്ടയര്‍ ചെയ്തതിന്‌ ശേഷം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുഖ്യാചാര്യനായും കൊല്ലം ഇടക്കാട്‌ ശ്രീ ശങ്കരസംസ്കൃത വിദ്യാലയം പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിരുന്നു.